Sunday, August 21, 2011

എന്റെ സ്മൃതികള്‍

വീണ്ടും എന്നിലേക്ക്‌......
പ്രവാസത്തിന്‍റെ യാന്ത്രികതയിലും,ഔപചാരികതകളിലുംപെട്ട് പൊള്ളിപ്പിടഞ്ഞ്....
ഗൃഹാതുരത്വത്തിന്‍റെ ചങ്ങലക്കെട്ടുകളില്‍ നിന്നും ഒരിക്കലും മുക്തയായിരുന്നില്ല ഞാന്‍...മഹാനഗരത്തിന്‍റെ മായക്കാഴ്ച്ചകളിലും, അത്തറുമണക്കുന്ന ഈ സുഭഗസായാഹ്നങ്ങളിലും എന്‍റെ ഗ്രാമത്തിന്‍റെ പച്ചപ്പും,ത്രിസന്ധ്യകളിലെ ചന്ദനത്തിരിഗന്ധവും തേടിയലഞ്ഞു ഞാന്‍...പലപ്പോഴും....


മനസ്സ് പലപ്പോഴും മരീചിക പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്...സന്തോഷത്തിന്‍റെയും ,സന്താപത്തിന്‍റെയും കണിയൊരുങ്ങുമ്പോള്‍
എന്റെ മനസ്സ് എന്നെ കണ്ണു പൊത്തി, കൈ പിടിച്ചു നടത്തുന്നത് വീര്‍പ്പു മുട്ടിക്കുന്ന നൊമ്പരങ്ങളിലേക്ക്.....എന്തിനെന്നറിയാതെ അതേറ്റു വാങ്ങുമ്പോഴാണ് യഥാര്‍ഥത്തില്‍ സന്തോഷിക്കുന്നതെന്നു ഞാന്‍ തിരിച്ചറിയുന്നു...എന്റെ സ്ഥായിയായ ഭാവം ഇത് തന്നെയാവാം...


മനസ്സ് മടുപ്പിക്കുന്ന ഈ ഫ്ലാറ്റിലെ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ മനപ്പൂര്‍വ്വം നെയ്തുകൂട്ടിയ ദിവാസ്വപ്നങ്ങളില്‍ , കായാമ്പൂവും, കലമ്പോട്ടിയും,കാളപ്പൂവും വര്‍ണ്ണം വാരി വിതറി നിന്നിട്ടും സന്തോഷിക്കാനായില്ല...ഒരിക്കലും....


സ്വപ്നങ്ങളിലേക്ക് നയിച്ച ഓര്‍മ്മകളുടെ കണ്ണികള്‍ പലതും വിളക്കിചേര്‍ക്കാനാവാത്ത വിധം പൊട്ടിയകന്നിരിക്കുന്നു...കുട്ടിക്കാലം വെള്ളി പാദസരമിട്ടു ഓടി നടന്ന തറവാടിലെ ഇളന്തിണ്ണകള്‍ ,വീടിന്‍റെതെക്ക് ഭാഗത്തെ അശോകമരത്തില്‍ തൂങ്ങിയാടിയിരുന്ന കുഞ്ഞാറ്റക്കിളിക്കൂട്,പറമ്പുകള്‍ക്ക് അതിരിട്ട് പൂത്തു നിന്നിരുന്ന വയലറ്റ് കുഞ്ഞുപൂക്കളുള്ള കായാവുകള്‍,വൃശ്ചികപ്പുലരികളില്‍ മഞ്ഞില്‍ക്കുളിച്ചു കൂട്ടുകാരോടൊത്ത് മത്സരിച്ചു ഓടി നടന്നു കാളപ്പൂവുകള്‍ ശേഖരിച്ചിരുന്ന തോട്ടിന്‍ വരമ്പുകള്‍....
ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ആ ദിനങ്ങളെ,ഓര്‍മ്മകളെ ,ഞാന്‍ വല്ലാതെ പ്രണയിക്കുന്നു.ഒക്കെയും,ഒരു വേള പുനര്‍ജ്ജനിച്ചെങ്കിലെന്നു ഞാന്‍ അതിയായി ആഗ്രഹിക്കുന്നു

1 comment:

  1. കുട്ടിക്കാലം വെള്ളി പാദസരമിട്ടു ഓടി നടന്ന തറവാടിലെ ഇളന്തിണ്ണകള്‍ ,വീടിന്‍റെതെക്ക് ഭാഗത്തെ അശോകമരത്തില്‍ തൂങ്ങിയാടിയിരുന്ന കുഞ്ഞാറ്റക്കിളിക്കൂട്???
    Santosh

    ReplyDelete