Tuesday, August 30, 2011

ഓര്‍മ്മകളില്‍ മഴ

മഴ മനസ്സിന്റെ തന്ത്രികളെ തൊട്ടുണര്‍ത്തുന്ന ദേവസംഗീതമാണ്..ആത്മാവിന്റെ സ്പന്ദന താളമാണ്...ഉള്ളിലുറഞ്ഞ വികാരങ്ങളുടെ ഉള്ളമറിഞ്ഞ പ്രതിഭാസമാണ്...നേര്‍ത്ത നുലിഴകളില്‍ ആടിതിമര്‍ക്കും കൂത്തുപാവകള്‍ക്കും ആശ്വാസം മഴ തന്നെ. തീക്ഷണമായ സ്വപ്നങ്ങള്‍ക്കു തീര്‍ത്ഥമാണീ മഴ , മിഴികളില്‍ നിന്നും അശ്രുക്കളായി തോരാതെ പെയ്തിറങ്ങുന്നതും ഇതേ മഴ തന്നെയാണ്.മഴ വിരഹത്തിന്റെ കണ്ണുനീര്‍ ആണ്..ഏകാന്തതയിലെ താരാട്ടാണ്...സ്വാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശമാണ്.
വികാരാര്‍ദ്രയായി മയങ്ങുന്ന ഭൂമിയിലേക്ക്‌ ഉണര്‍ത്തുപാട്ടായി പൊഴിയുന്ന ജലകണങ്ങള്‍ക്ക് മോഹനരാഗത്തിന്റെ വശ്യതയുണ്ട്... വീണ്ടും ഒരു വര്‍ഷകാലത്തിന്റെ ആരവം നാട്ടുമ്പുറവും നഗരവുമെന്നില്ലാതെ കടന്നുപോകുമ്പോള്‍...ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്‌ ബാല്യകാലത്തിന്റെ ഇടനാഴികകളിലേക്കാണ്‌... മുറിയില്‍ ഇരുട്ട് പരത്തി മേഘങ്ങള്‍ മാനത്ത്‌ പ്രത്യക്ഷപ്പെടുന്നതും നോക്കി ഉമ്മറത്ത്‌ കുത്തിയിരിക്കാറുള്ള ഒരു കുഞ്ഞുടുപ്പുകാരി...കടലാസുതോണികള്‍ക്കായി വാശി പിടിച്ച്‌ കരഞ്ഞ്‌ അമ്മുമ്മയെ ശല്യപ്പെടുത്താറുള്ള അവള്‍ക്ക്‌ മഴ എന്നും കൗതുകമായിരുന്നു.... കടല്‍വെള്ളമാണ്‌ മഴയായി പൊഴിയുന്നതെന്ന പഠിച്ച ആദ്യപാഠത്തില്‍ നിന്നും ഒരു പ്രവാസിയായി പിന്നീട് നാട്ടില്‍ നിന്നകലുമ്പോഴും തിമര്‍ത്തുപെയ്യുന്ന ഗ്രാമത്തിന്ററെ ഓര്‍മ്മകള്‍ ഇന്നും വേട്ടയാടുന്നുണ്ട്‌...ആ ബാല്യം ഒരിക്കല്‍ കൂടിയൊന്ന്‌ തിരിച്ചു കിട്ടിയിരുന്നെങ്കില്‍...നിറഞ്ഞുകവിഞ്ഞൊഴുകുന്ന പാടത്തിന്റെ ഓരത്ത്‌ കൗതുകം നിറഞ്ഞ മിഴികളോടെ വര്‍ണകുടയുമായി, നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... പൂക്കളോടും, പൂമ്പാറ്റയോടും, പൂതുമ്പിയോടും, കിന്നാരം പറയാന്‍‍ കഴിഞ്ഞിരുന്നുവെങ്കില്‍...തോരാതെ പെയ്യുന്ന രാത്രി മഴയുടെ നേര്‍ത്ത സംഗീതവും കാതോര്‍ത്ത്, രാവുമുഴുവന്‍ ജനാലയോട് മുഖം ചേര്‍ത്തിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!
എന്താണ്‌ ദാരിദ്ര്യമെന്നും എന്താണ്‌ മഴക്കെടുതികളെന്നും തിരിച്ചറിയാത്ത ഒരു കാലം.....പക്ഷേ, അന്നും ഇന്നും മഴ ഒരുപാടിഷ്ടമായിരുന്നു.. വറ്റിവരണ്ട വറുതിക്കാലത്ത്‌ നിന്നും ആര്‍ദ്രതയിലേക്ക്‌ നമ്മെ പറിച്ചു നടുന്ന മഴയെ എങ്ങനെ വെറുക്കാനാകും...പുറത്തിറങ്ങാനാകാത്ത വിധം മഴ പൊഴിയുമ്പോള്‍ തണുപ്പും ഉള്ളിലെ ചൂടും ഓര്‍മ്മകളിലേക്ക്‌ തന്നെയാണ്‌ പറന്നുപോകാറുള്ളത്‌...
ഇനി മഴയുടെ കൗമാരമുണ്ട്‌..യൗവനമുണ്ട്‌...പക്ഷേ..ചിതറിവീണ ജലത്തുള്ളികള്‍ പോലെ അവ ശിഥിലമാണെന്ന്‌ മാത്രം....

Sunday, August 28, 2011

ചെബരത്തിപൂക്കള്‍

എനിക്ക് ഏറെ പ്രിയങ്കരം
ചുപ്പാര്‍ന്ന ദളം നിവര്‍ത്തുമി
ചെബരത്തിപൂക്കള്‍
ഓണനാള്കളില്‍
മുറ്റത്ത്‌ പൂക്കളത്തില്‍
വര്‍ണ ശബളമായ
ചെബരത്തിയാണല്ലോ
കാവില മുര്‍ത്തിക്ക്
കുരിതിയു മലയും
ചാര്‍ത്തിയതി
ചെബരത്തികൊണ്ട്ടല്ലോ
പ്രണയലഹരിയില്‍
പ്രിയ സഖിതന്‍ ചുണ്ടില്‍
കണ്ടതി ചുവപ്പല്ലോ
കൈതപ്പൂ മണമോലും
പ്രിയ സഖി തന്‍
ഈറന്‍ മുടിച്ചാര്‍ത്തില്‍
പ്രണയാത്തോട ഞാന്‍
ചാര്‍ത്തിയതിപൂവല്ലോ
സ്വാതന്ത്യം സ്വപ്നംകണ്ട്ടോ-
രിരുട്ട ദിനംതോറും
വിപ്ലവ നക്ഷത്രമാ-
യുദിച്ചതിച്ചോപ്പല്ലോ

Sunday, August 21, 2011

എന്റെ സ്മൃതികള്‍

വീണ്ടും എന്നിലേക്ക്‌......
പ്രവാസത്തിന്‍റെ യാന്ത്രികതയിലും,ഔപചാരികതകളിലുംപെട്ട് പൊള്ളിപ്പിടഞ്ഞ്....
ഗൃഹാതുരത്വത്തിന്‍റെ ചങ്ങലക്കെട്ടുകളില്‍ നിന്നും ഒരിക്കലും മുക്തയായിരുന്നില്ല ഞാന്‍...മഹാനഗരത്തിന്‍റെ മായക്കാഴ്ച്ചകളിലും, അത്തറുമണക്കുന്ന ഈ സുഭഗസായാഹ്നങ്ങളിലും എന്‍റെ ഗ്രാമത്തിന്‍റെ പച്ചപ്പും,ത്രിസന്ധ്യകളിലെ ചന്ദനത്തിരിഗന്ധവും തേടിയലഞ്ഞു ഞാന്‍...പലപ്പോഴും....


മനസ്സ് പലപ്പോഴും മരീചിക പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്...സന്തോഷത്തിന്‍റെയും ,സന്താപത്തിന്‍റെയും കണിയൊരുങ്ങുമ്പോള്‍
എന്റെ മനസ്സ് എന്നെ കണ്ണു പൊത്തി, കൈ പിടിച്ചു നടത്തുന്നത് വീര്‍പ്പു മുട്ടിക്കുന്ന നൊമ്പരങ്ങളിലേക്ക്.....എന്തിനെന്നറിയാതെ അതേറ്റു വാങ്ങുമ്പോഴാണ് യഥാര്‍ഥത്തില്‍ സന്തോഷിക്കുന്നതെന്നു ഞാന്‍ തിരിച്ചറിയുന്നു...എന്റെ സ്ഥായിയായ ഭാവം ഇത് തന്നെയാവാം...


മനസ്സ് മടുപ്പിക്കുന്ന ഈ ഫ്ലാറ്റിലെ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ മനപ്പൂര്‍വ്വം നെയ്തുകൂട്ടിയ ദിവാസ്വപ്നങ്ങളില്‍ , കായാമ്പൂവും, കലമ്പോട്ടിയും,കാളപ്പൂവും വര്‍ണ്ണം വാരി വിതറി നിന്നിട്ടും സന്തോഷിക്കാനായില്ല...ഒരിക്കലും....


സ്വപ്നങ്ങളിലേക്ക് നയിച്ച ഓര്‍മ്മകളുടെ കണ്ണികള്‍ പലതും വിളക്കിചേര്‍ക്കാനാവാത്ത വിധം പൊട്ടിയകന്നിരിക്കുന്നു...കുട്ടിക്കാലം വെള്ളി പാദസരമിട്ടു ഓടി നടന്ന തറവാടിലെ ഇളന്തിണ്ണകള്‍ ,വീടിന്‍റെതെക്ക് ഭാഗത്തെ അശോകമരത്തില്‍ തൂങ്ങിയാടിയിരുന്ന കുഞ്ഞാറ്റക്കിളിക്കൂട്,പറമ്പുകള്‍ക്ക് അതിരിട്ട് പൂത്തു നിന്നിരുന്ന വയലറ്റ് കുഞ്ഞുപൂക്കളുള്ള കായാവുകള്‍,വൃശ്ചികപ്പുലരികളില്‍ മഞ്ഞില്‍ക്കുളിച്ചു കൂട്ടുകാരോടൊത്ത് മത്സരിച്ചു ഓടി നടന്നു കാളപ്പൂവുകള്‍ ശേഖരിച്ചിരുന്ന തോട്ടിന്‍ വരമ്പുകള്‍....
ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ആ ദിനങ്ങളെ,ഓര്‍മ്മകളെ ,ഞാന്‍ വല്ലാതെ പ്രണയിക്കുന്നു.ഒക്കെയും,ഒരു വേള പുനര്‍ജ്ജനിച്ചെങ്കിലെന്നു ഞാന്‍ അതിയായി ആഗ്രഹിക്കുന്നു

നഷ്ട്ടപ്പെട്ടു,ആ ''നീലാംബരി''

ദിവ്യാനുരാഗത്തിന്റെ കഥാകാരി വിടപറഞ്ഞു.
ഇനിയും പറഞ്ഞു തീരാത്ത നൂറായിരം കഥകളുടെ ചിമിഴുകള്‍ എന്നെന്നേക്കുമായി അടച്ചുവെച്ച് ,തന്റെ സ്വപ്നങ്ങളിലെ സ്ഥിരസാന്നിധ്യമായ ദൈവ സന്നിധിയിലേക്ക്,'സ്വര്‍ഗ്ഗത്തിലേക്ക്' , നിത്യ പ്രണയിനി പറന്നകന്നിരിക്കുന്നു.
ജീവിതം,പ്രണയത്തിന്റെ ഉത്സവമാണെന്ന് ഉദ്ഘോഷിക്കാന്‍,സ്ത്രൈണതയുടെ ഋതു ഭേദങ്ങളെ സദാചാരമാകുന്ന കശാപ്പുശാലയില്‍ നിന്നും മോചിപ്പിച്ച്‌, നറും നിലാവില്‍ വിരിഞ്ഞ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം ആവാഹിച്ചു ,അണിയിച്ചൊരുക്കി സാഫല്യത്തിന്റെ പൂര്‍ണ്ണതയിലെത്തിച്ച നമ്മുടെ പ്രിയപ്പെട്ട ആമിക്ക് കണ്ണീര്‍പ്പൂവുകള്‍ അര്‍പ്പിച്ചു ഞാനും വിട ചൊല്ലുന്നു.
പ്രണയിനിയുടെ വികാരതീഷ്ണത ,പിഞ്ചു പൈതലിന്റെ നിഷ്കളങ്കത, മാതൃത്വത്തിന്റെ മഹനീയത,എന്നിങ്ങനെ സ്ത്രീയുടെ വിവിധ ഭാവങ്ങളും,ആര്‍ദ്രതയും,ഹൃദയത്തിലേക്കും,തന്റെ എഴുത്തിലേക്കും ആവാഹിച്ചു സ്നേഹം സദാചാര വിരുദ്ധമെങ്കില്‍ താന്‍ സദാചാരവിരുദ്ധയാനെന്നു ഉറക്കെ വിളിച്ചു പറഞ്ഞ് ,പിന്നിട്ട വഴികളിലെല്ലാം താന്‍ സത്യമുള്ള മുഖങ്ങളെ അന്വേഷിച്ചലയുകയായിരുന്നെന്നു വേപഥു പൂണ്ട് ,പ്രേമിക്കാതെ കടന്നു പോകുന്നവരുടെ ജിവിതം വ്യര്‍ത്ഥമാണെന്ന് ഓര്‍മ്മപ്പെടുത്തി മലയാളത്തിന്റെ പ്രിയ കഥാകാരി വിടപറയുമ്പോള്‍ ,ഭൂമിയില്‍ ആര്ക്കും ഒന്നിലും ഉടമസ്ഥാവകാശം ഇല്ലെന്നു വിശ്വസിച്ച മാധവിക്കുട്ടിക്ക്,സ്വര്‍ഗത്തില്‍ ,ദൈവത്തിന്നരികില്‍ ഒരു ഇരിപ്പിടം സ്വന്തമായിട്ടുണ്ടാകും,അവര്‍ എപ്പോഴും,ആഗ്രഹിച്ചിരുന്നതു പോലെ,വിശ്വസിച്ചിരുന്നതു പോലെ...
എങ്കിലും,നമുക്കു നഷ്ട്ടപ്പെട്ടു, ''നീലാംബരി'',എന്നെന്നേക്കുമായി

മഴയും വെയിലും

മഴ കാണാനുള്ള ആഗ്രഹവുമായെത്തി നനുത്ത മഴ നൂലുകള്‍ തഴുകുമ്പോള്‍ കോരിത്തരിച്ചു കൊണ്ട് നമ്മള്‍ മഴയെ സ്തുതിക്കും...

എന്നും ഇങ്ങനെ മഴ നനയാനായെങ്കിലെന്നു കൊതിക്കും...

മഴയുടെ ഭംഗിയെ ആവാഹിച്ച് കവിതകളെഴുതും!

ആ മഴ തോരാതെ പെയ്യുമ്പോള്‍ അതേ നാവുകൊണ്ട് നമ്മള്‍ മഴയെ ശപിക്കും...

ഈ നശിച്ച മഴ...

മഴ മാറും.. വെയില്‍ വരും, അപ്പോള്‍ നാം സന്തോഷത്തോടെ തുള്ളിച്ചാടും!

പിന്നെയും...

അയ്യോ എന്തൊരുഷ്ണം, എന്താ ഈ മഴ പെയ്യാത്തേ

Wednesday, August 10, 2011

പ്രണയം

ഒരുക്കൂട്ടി വച്ച കുന്നി മണികള്‍
ആരും കാണാതെ ഒളിച്ചു വച്ച
കൊച്ചു മയില്‍ പീലി

കൊളുത്തി വച്ച റാന്തലിന്‍റെ
അരണ്ട വെളിച്ചത്തില്‍
പഴമയുടെ
പുക മണക്കുന്ന പെട്ടി തുറന്ന്
ഞാന്‍ നോക്കാറുണ്ട്

പൊടി തുടച്ചു വിരലോടിച്ച്
നെഞ്ചോടടുക്കാറുണ്ട്

നിന്നോടുള്ള
എന്‍റെ പ്രണയം

ഓര്‍മ്മയിലെന്നും ഓണക്കാലം

ഓമലാളോടൊത്തൊരു ബാല്യകാലം
ഓര്‍മ്മയിലെന്നും ഓണക്കാലം

തെച്ചിയും തുമ്പയും തേടിയിറങ്ങിയ-
നിന്നേക്കുറിച്ചുള്ള ഓര്‍മ്മകളാണെന്റെ ഓണം

തോടിയില്‍ പാറിയ തുമ്പികളോടൊത്ത്-
ഓടി നടന്നൊരാ ഓണക്കാലം

നീയെന്‍ കാതില്‍ മൂളീയ-
പാട്ടുകളാണെന്റെ ഓണപ്പാട്ട്

അന്നു നീ കൂട്ടരോടൊത്താടിയ -
തിരുവാതിരച്ചുവടൂകള്‍ ഇന്നും കണ്ണില്‍

നിന്‍ മടിയില്‍ തലചായ്ച്ചുറങ്ങിയ
ഉത്രാട രാത്രിക്കിതെന്തു ഭംഗി

അന്നു നീ പാവാട തുമ്പില്‍ പൊതിഞ്ഞെടുത്ത-
ഉപ്പേരി തിന്നുവാനിന്നും മോഹം

തൂശ്ശനിലയില്‍ തുമ്പപ്പൂചോറിട്ടു-
പങ്കിട്ടു കഴിച്ചൊരാ ഓണക്കാലം

ഒന്നു ചേര്‍ന്നു നാം ഇട്ടൊരാ പൂക്കളത്തിനു-
ആയിരം മഴവില്ലിന്‍ നിറമഴക്